Happy Easter

ഏവർക്കും കറ്റാനം വലിയപള്ളിയുടെയും യുവജന പ്രസ്ഥാനത്തിന്റെയും ഈസ്റ്റർ ആശംസകൾ.


പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കും . യേശുക്രിസ്തു മരണത്തെ തോല്‍പിച്ചു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ അനുസ്മരണമാണ് ഈസ്റ്റര്‍. ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍ന്നാള്‍.

ഈസ്റ്ററിന്റെ ചരിത്രം
***************
ഈസ്റ്ററിന്റെ തീയതിയെപ്പറ്റി ഒരു ഏകീകൃത തീരുമാനം കൈവന്നത് കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി വിളിച്ചു കൂട്ടിയ നിഖ്യാസുന്നഹദോസിലാണ്. മാര്‍ച്ച് 22 നും ഏപ്രില്‍ 25നും ഇടയിലുളള ഒരു ഞായറാഴ്ചയായിരിക്കണമെന്ന് തീരുമാനിച്ചു. വസന്തകാലത്തില്‍ സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേര്‍ക്കായി വന്ന് രാവും പകലും തുല്യ ദൈര്‍ഘ്യമുളളതായ മാര്‍ച്ച് 21 കഴിഞ്ഞ് വരുന്ന പൌര്‍ണ്ണമിക്കു ശേഷമുളള ഞായറാഴ്ചയാണ് ഈസ്റ്റര്‍ കൊണ്ടാടേണ്ടത്. അതിനാല്‍ ലോകം മുഴുവനും ഈസ്റ്റര്‍ ആഘോഷിച്ചു വരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ചില രാജ്യങ്ങളില്‍ ഈസ്റ്റര്‍ മുട്ടകള്‍ പരസ്പരം പങ്കുവെയ്ക്കുന്ന ചടങ്ങ് നടത്താറുണ്ട്. മുട്ടയെ പുതുജന്മത്തിന്റെ പ്രതീകമാക്കിയാണ് അത് ചെയ്യുന്നത്. നവജീവിതത്തിന്റെ അച്ചാരമായി മാറുമ്പോഴാണ് ഈ ആഘോഷം അര്‍ത്ഥവത്താകുന്നത്. ഉയിര്‍പ്പിന്റെ ചരിത്രപരമായ വസ്തുതകളെപ്പറ്റി വര്‍ഷങ്ങളോളം പഠനവും ഗവേഷണവും നടത്തിയ പല പണ്ഡിതന്‍മാരും ഉത്ഥാനം നമ്മുടെ അഭിമാനത്തെ മഹിമയും ബലഹീനതയെ ശക്തിയുമാക്കുന്നു എന്ന വചനത്തെ പിന്താങ്ങുന്നു.

ഉത്ഥിതനായ യേശുക്രിസ്തു ശിഷ്യന്‍മാര്‍ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് ആദ്യം പറഞ്ഞത്. “നിങ്ങള്‍ക്കു സമാധാനം” എന്നാണ്. സമാധാനപുത്രനായ യേശു ശത്രുതയെ വെറുക്കുകയും ശത്രുക്കളെ സ്നേഹിക്കുകയും ചെയ്യണമെന്ന് പഠിപ്പിക്കുകയും സ്വന്തം ജീവിതത്തിലൂടെ നല്ലൊരു മാതൃക കാട്ടിത്തരികയും ചെയ്തു. ഉത്ഥാനത്തിലൂടെ സമാധാന രാജാവായ അവിടുന്ന് സമാധാന സ്രോതസ്സായി തീര്‍ന്നു.

അസമാധാനത്തിന്റെ അടിമത്വത്തില്‍ നിന്നു സമാധാനത്തിന്റെ പൊന്‍വെളിച്ചത്തിലേക്കുളള പ്രത്യാശയുടെ പ്രകാശമാനമായ വാതില്‍ തുറക്കപ്പെട്ടിരിക്കുന്നു. സഹനത്തിന്റെ കുരിശില്‍ കിടക്കുന്നവര്‍ക്കെല്ലാം ഈസ്റ്റര്‍ പ്രത്യാശയുടെ ഉണര്‍ത്തുപാട്ടും ഉണര്‍വ്വിന്റെ സന്ദേശവുമാണ്. യേശുവിന്റെ പുനരുത്ഥാനം നിത്യജീവിതത്തെപ്പറ്റിയുളള ആഴമായ അറിവിലേക്കു നമ്മെ നയിക്കണം. ദൈവഹിതത്തിന് തന്നെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച അവിടുന്ന് മരണം ഉയിര്‍പ്പിന്റെ മഹത്വത്തിലേക്കു നയിക്കുമെന്ന് തിരിച്ചറിഞ്ഞിരുന്നു. ഈ ലോകത്തില്‍ നിന്നു ലഭിക്കുന്ന വികലമായ അറിവുകളും പാഴ്വചനങ്ങളും മിഥ്യാബോധ്യങ്ങളും ഒരു പരിധിക്കപ്പുറം നിഷ്ഫലമാകുമ്പോള്‍ പ്രത്യാശയുടെ പ്രത്യയശാസ്ത്രമായി യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിലൂടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ നമ്മുടെ ഹൃദയങ്ങളില്‍ വിളങ്ങി നില്‍ക്കുന്നു

 
DESIGN BY SIJU GEORGE